മനുഷ്യക്കടത്തിലെ പ്രതിയെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍നിന്ന് 8.80 ലക്ഷം തട്ടി
കോഴിക്കോട്: മനുഷ്യക്കടത്ത് കേസിലെ പ്രതിയെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍നിന്ന് തട്ടിപ്പ് സംഘം 8.80 ലക്ഷം രൂപ തട്ടിയെടുത്തു. എലത്തൂര്‍ സ്വദേശി ചാക്കുണ്ണി നമ്പ്യാറാണ് തട്ടിപ്പിന് ഇരയായത്. മുംബൈയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിട്ട് വ്യാജമായി വിളിച്ചാണ് സംഘം പണം തട്ടിയത്. മുംബൈ ജലസേചന വകുപ്പില്‍ ജോലി ചെയ്തിരുന്ന കാലത്ത് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നാരോപിച്ച് ഒരു ഫോണ്‍ സന്ദേശം അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണറെന്ന പേരില്‍ അയച്ച സന്ദേശത്തില്‍ കേസ് ഒഴിവാക്കാന്‍ ബാങ്ക് രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ബാങ്ക് വിവരങ്ങള്‍ കൈമാറിയതോടെ അക്കൗണ്ടില്‍ നിന്നു 8.80 ലക്ഷം രൂപ തട്ടിയെടുത്തു. ജനുവരിയിലായിരുന്നു തട്ടിപ്പ്. സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ക്ക് വിവരമറിയിച്ചതോടെ താനൊരു തട്ടിപ്പിന് ഇരയായെന്ന് വയോധികന് ബോധ്യമായി. തുടർന്ന് എലത്തൂര്‍ പൊലീസിൽ പരാതി നല്‍കി. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.